Saturday, October 2, 2010

വിധി : പ്രായോഗികമായ പരിഹാരം

ര്‍ക്കങ്ങളുടെയും തെളിവുകളുടെയും അന്തമില്ലാത്ത വാദ പ്രതിവാദങ്ങളുടെയും നീണ്ട ഇടനാഴികള്‍ പിന്നിട്ടു അലഹബാദ് കോടതി അതിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിരിക്കുന്നു . അടിയന്തിരാവസ്ഥയ്ക്ക് കാരണമായത്‌ ഉള്‍പ്പടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച അനേകം വിധികള്‍ പുറപ്പെടുവിച്ചിട്ട് ഉണ്ടെങ്കിലും രാജ്യമൊട്ടാകെ ആ നീതി പീടത്തിലേക്ക് ഉറ്റു നോക്കി ഇതുപോലെ വീര്‍പ്പടക്കി നിന്നിട്ടുള്ളത് ഇതാദ്യമാവണം

തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ചു രാമ ജന്മഭൂമി ഉള്‍പ്പടെ ഉള്ള സ്ഥാനം ഹിന്ദു മഹാസഭയ്ക്കും, മറ്റൊരു മൂന്നിലൊന്നു വാഖ്‌ഫിനും , ബാക്കിയുള്ള ഭാഗം നിര്മോഹി ആഖാരയ്ക്കും അവകാശം നല്‍കികൊണ്ടാണ് വിധി പുറത്തു വന്നിട്ടുള്ളത്.

അയോധ്യാ തര്‍ക്കത്തിന്റെ നാള്‍ വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കില്‍ ചോരപ്പാടുകളും, ജാതി രാഷ്ട്രീയത്തിന്റെ ഇടപെടലും, അധികാരത്തിന്റെയും അസംതൃപ്തിയുടെയും പകയുടെയും കറുത്ത നിഴലുകളും ഒക്കെ കാണാം. രാമജന്മ ഭൂമി ബാബറി മസ്ജിദ് പ്രശ്ന പരമ്പരകള്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടാക്കിയിട്ടുള്ള വിടവും മുറിവും വലുതാണ്‌. മതങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ സാഹോദര്യ ഭാവം എന്ന സുന്ദര സങ്കല്പം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ ഒരിക്കലെങ്കിലും നിറവേറ്റുവാന്‍ നമുക്ക് ഒരിക്കലും കഴിയാതെ ഇരുന്നതിനു അയോധ്യാ തര്‍ക്കവും ഒരു കാരണം തന്നെയാണ്.

ഭൂതകാലം എന്ത് തന്നെ ആണെങ്കിലും ചരിത്രവും, നിയമവും, തെളിവുകളും ഒക്കെ എന്ത് തന്നെ ആണെങ്കിലും ഇന്നത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും അയോധ്യാ തര്‍ക്കത്തില്‍ കാംക്ഷിചിരുന്നത് പ്രായോഗികമായ ഒരു പരിഹാരം തന്നെ ആണ് എന്ന് എനിക്കുറപ്പുണ്ട്. ആ രീതിയില്‍ നിന്ന് നോക്കിയാല്‍ ഈ വിധിയെ ന്യായികരിക്കാന്‍ കഴിഞ്ഞേക്കും. കാരണം എന്റെ അഭിപ്രായത്തില്‍ ഈ വിധിയെ പൂര്‍ണ്ണമായും നിയമ വ്യവസ്ഥിതിയില്‍ അധിസ്ടിതമായ നീതിപൂര്‍വമായ ഒരു വിധി എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രായോഗികമായ ഒരൂ പ്രശ്ന പരിഹാരം എന്ന് വിശേഷിപ്പിക്കുന്നതാവും ശരി. എഴുതപ്പെടാത്ത ചരിത്രവും, വിശ്വാസവും ഒക്കെ ആധാരമാക്കി വന്നിട്ടുള്ള ഈ വിധിയെ ഭാരതത്തിലെ അനേകം കോടതികളിലായി ഇന്നും നടക്കുന്ന ഒരു അവകാശ തര്‍ക്ക കേസിനും റഫറന്‍സ് ആയി എടുക്കാനാവുമോ എന്ന് എനിക്കറിയില്ല.

ഈ വിധിയില്‍ തങ്ങള്‍ അസംതൃപ്തരാനെന്നും പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും വഖ്‌ഫ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് അന്തിമ തീരുമാനം മിക്കവാറും ഇനിയും നീണ്ടേക്കാം. അതെന്തു തന്നെ ആയാലും, പ്രായോഗികമായി നോക്കിയാല്‍ ഇപ്പോള്‍ വന്നത് പോലെ ഉള്ള ഒരു വിധിക്കല്ലേ ഇനിയും അണയാതെ കിടക്കുന്ന കനലുകളും,ഉണങ്ങാത്ത മുറിവുകളും പൂര്‍ണ്ണമായി അല്ലെങ്കിലും രമ്യമായി എങ്കിലും പരിഹരിക്കുവാനാവൂ? അല്ലാതെ ഒരു വിഭാഗത്തിനെ പൂര്‍ണ്ണമായി അവഗണിച്ചു കൊണ്ടുള്ള ഒരു വിധിക്ക് ഭാരത ജനതയുടെ മനസ്സില്‍ ഇനിയും വിഭജനത്തിന്റെ മതിലുകള്‍ തീര്ക്കുവാനെ കഴിയൂ.

അത് കൊണ്ട് തന്നെ അയോധ്യാ തര്‍ക്കത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതും ഇനിയും ഒരു പക്ഷെ ഇതിനു മുകളില്‍ വന്നെക്കവുന്നതുമായ വിധികളെ പ്രായോഗികതയുടെ മുഴക്കോല് കൊണ്ട് അളക്കുവാനും, അതിനനുസരിച്ച് പക്വതയോടെ പെരുമാരുവാനും നാനാ ജാതി മതസ്തരടങ്ങിയ എന്റെ നാടിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . വിധിയില്‍ അല്‍പ്പമെങ്കിലും അസംപ്തൃപ്തി തോന്നിയാലും, പ്രിയ സഹോദരന്മാരെ നമ്മുടെ സ്വന്തം മണ്ണിന്റെ , ഈ ഭാരതത്തിന്റെ നല്ല ഭാവിക്ക് വേണ്ടി ആ അതൃപ്തിയെ നിങ്ങളുടെ മനസ്സില്‍ നിന്ന് തുടച്ചു കളയാന്‍ ശ്രമിക്കണം.

ഭൂതകാലത്തിന്റെ കറുത്ത ഒരേട്‌ നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ ഇടവരുത്തരുത്.

ജയ്‌ ഹിന്ദ്.

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )