Saturday, October 2, 2010

പരിധി വിടുന്ന തരികിടകള്‍

ഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനലിലെ പരിപാടി കണ്ടിരുന്നതാണ് ഇത് എഴുതാന്‍ പ്രചോദനം.ആട്ടോ ഓടിച്ചു വരുന്ന റിക്ഷാ ക്കാരന് നേരെ അല്പം വിജനമായ ഒരിടത്ത് വെച്ച് തീവ്രവാദികള്‍ എന്ന് തോന്നിക്കുന്ന കുറെ പേര്‍ ചുറ്റും ചാടി വീഴുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ ആ സാധു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. തുടര്‍ന്ന് കുറെ നേരം ആ പാവത്തിന് നേരെ കടുത്ത മാനസിക പീഡനം.
കരഞ്ഞു കാലു പിടിക്കുന്ന ആ മനുഷ്യന്റെ ക്ലോസ് അപ്പ്‌ ദ്രിശ്യങ്ങള്‍. ഒടുവില്‍ ഇനി പേടിച്ചാല്‍ അയാള്‍ക്ക്‌ അറ്റാക്ക്‌ വരും എന്ന് തോനുന്ന അവസ്ഥ എത്തിയപ്പോള്‍ തീവ്രവാദികളുടെ മുഖ ഭാവം മാറി. എവിടെയും പൊട്ടിച്ചിരികള്‍. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന വിധത്തില്‍ എത്തിയ ആ പാവത്തിനെ ക്യാമറ കാട്ടി കൊടുത്തു പൊട്ടിച്ചിരിക്കുന്നു. ചമ്മിയ അദ്ധേഹത്തിന്റെ മുഖം വീണ്ടും ക്ലോസ് അപ്പ്‌. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത കുറെ സോപ്പ് കവറുകളും വേറെയും കുറെ ചപ്പു ചവറുകളും സമ്മാനം എന്ന പേരില്‍ ആ പാവത്തിന് കൂലിയായി കൊടുത്തു സംഘം അടുത്ത സാധുവിനെ തേടി അടുത്ത ലോക്കെഷനിലേക്ക് .

സത്യത്തില്‍ ക്ഷമയുടെ എല്ലാ പരിധികളും വിട്ടിരുന്നു കണ്ടു തീര്ന്നപോഴേക്കും. ആരോടെന്നില്ലാത്ത ദേഷ്യം. ഏഴെട്ടു വര്‍ഷങ്ങളായി ഈ പരിപാടിയുടെ പല വകഭേദന്ഗള്‍ പല ചാനലുകളായി നമ്മള്‍ കണ്ടു കൊണ്ടേ ഇരിക്കുന്നു. ആദ്യമൊക്കെ കേവലം ചെറു ചിരി മാത്രം സമ്മാനിക്കുന്ന ആര്‍ക്കും അധികം നോവാത്ത ചെറു തമാശകള്‍ ആയിരുന്നു എങ്കില്‍ ഇന്ന് ഹൊറര്‍ ആക്ഷന്‍ സിനിമകളെ വെല്ലുന്ന പുതുമകളാണ് ഈ തട്ടിപ്പിന്. 'ഇര'യെയും പ്രേക്ഷകനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൂരതയുടെ പുതിയ പരീക്ഷണങ്ങള്‍. ഈ പരിപാടിയുടെ പ്രേക്ഷകരായ സുഹൃത്തുക്കളൊടും ഇത്തരം പരിപാടികളുടെ അണിയറ പ്രവര്‍ത്തകരോടും ഒന്ന് ചോദിക്കട്ടെ?
ഒരു സഹജീവിയുടെ പ്രാണ വേദന കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് ഇരിക്കാന്‍ മാത്രം അധപതിച്ചുവോ മലയാളി സമൂഹം?

സമ്മാനം എന്ന പേരില്‍ വിഡ്ഡിയായതിനു കൂലിയായി നിങ്ങള്‍ വെച്ച് നീട്ടുന്ന സോപ്പ് കവറുകള്‍ ആണോ ആ മനുഷ്യന്റെ ആത്മാഭിമാനത്തിന് നിങ്ങള്‍ ഇട്ടിരിക്കുന്ന വില?

ഒരിക്കല്‍ ഇതുപോലെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചാനലുകളിലൂടെ ഭീരുവും വിഡ്ഢിയും ആയി ചിത്രീകരിക്കപെടുകയും ചെയ്യുന്ന പാവം മനുഷ്യര്‍ ഈ പ്രകടനത്തിന് ശേഷം എത്ര മാത്രം കളിയാക്കലുകള്‍ , മാനസിക പീഡനം, ഒക്കെ സഹിച്ചിട്ടുണ്ടാവും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഓരോ വ്യക്തിക്കും സ്വയം ഒരു ബഹുമാനം ഉണ്ടാവും. അത് മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാവണം എന്നും അയാള്‍ ആഗ്രഹിക്കും.ഈ ആത്മവിശ്വാസതിനും ബഹുമാനത്തിനും അല്ലെ കത്തി വെയ്ക്കപെടുന്നത് ?

രോഗിയായ ഒരാള്‍ക്ക്‌ പേടിച്ചു എന്തെങ്കിലും സംഭവിച്ചു പോയാല്‍ അയാളുടെ കുടുംബത്തോട് എന്ത് സമാധാനം പറഞ്ഞാല്‍ മതിയാവും?

ഇനി പ്രസക്തമായ ഒരു ചോദ്യം കൂടെ...
ഒരിക്കല്‍ ഈ തട്ടിപ്പിന് വിധേയനായ ഒരു വ്യക്തി നാളെ ഒരാള്‍ ശരിക്ക് അപകടത്തില്‍ പെട്ട് കിടക്കുന്നത് കണ്ടാലും, മനസ്സുന്ടെന്കിലും തിരിഞ്ഞു നോക്കുമോ?
പച്ച വെള്ളത്തില്‍ വീണ പൂച്ച ചൂട് വെള്ളം കണ്ടാല്‍ അറയ്ക്കും എന്നല്ലേ..

വിനോദവും വിജ്ഞാനവും സമാസമം പകര്‍ന്ന്, പോലീസിന്റെ പണി കൂടെ ഏറ്റെടുത്ത് ദൈവത്തിന്റെ സ്വന്തം നാടിനെ ശുദ്ധീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ദ്രിശ്യ മാധ്യമങ്ങളോട് അമര്‍ഷത്തോടെ ഒരു വാക്ക്... ഇത്തരം ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കാന്‍..ഇതുപോലെ ഉള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ നിങ്ങള്ക്ക് ലജ്ജയില്ലേ...നിങ്ങളെ ഒക്കെ ചെയ്യേണ്ടത് തെരണ്ടി വാല് കൊണ്ട് പൊതു കവലയില്‍ കെട്ടി ഇട്ടു അടിക്കുക തന്നെ ആണ്...ഈ ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്.

എന്‍റെ നാട്ടില്‍ എന്‍റെ മുന്നില്‍ ഇങ്ങനെ ഒരു സംഭവം കാണാന്‍ ഇടയായാല്‍..പ്രതികരിച്ചിരിക്കും..ഏറ്റവും രൂക്ഷമായി തന്നെ .ഇനി അതിന്റെ പേരില്‍ എത്ര കോടതി കയറി ഇറങ്ങേണ്ടി വന്നാലും .
ഇനി ഒരു ചോദ്യം ഈ ബൂലോകത്തോട്.
ഇതിനോടൊക്കെ പ്രതികരിക്കാന്‍ നമുക്ക് കഴിയുമോ...സംഘടിതമായി ??

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

2 comments:

Anonymous said...

പ്രതികരിക്കും....അത് പക്ഷെ സംഘടിതമായ്‌രിക്കുമോ എന്ന് പറയാന്‍ പറ്റില്ല!

ഷിനു.വി.എസ് said...

സുഹൃത്തേ ,
വര്‍ത്തമാന കാല യാതര്ത്യങ്ങളില്‍ ഒന്നാണ് ഇത് ..എല്ലാവരും ഇങ്ങനെ ചിന്തിക്കുകയും ..നല്ല കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ ...